About Temple

SREEKURUMBA BHAGAVATHI KSHETHRAM

ശ്രീകുരുംബ ഭഗവതി ക്ഷേത്രം-ശോഭപ്പറമ്പ് 





മലബാറിലെ അതിപുരാതനമായ ദേവി ക്ഷേത്രങ്ങളിൽ ഒന്നാണ് മലപ്പുറം ജില്ലയിലെ തീരമേഖലയായ താനൂരിൽ സ്ഥിതിചെയ്യുന്ന ശോഭപറമ്പു ശ്രീ കുരുംബ ഭഗവതി ക്ഷേത്രം . വെട്ടത്ത് രാജാവിന്റെ അധീനതയിൽ ആയിരുന്ന അതിപുരാതനമായ ഈ ക്ഷേത്രം പരമ്പരകൾ കൈമാറി പതിറ്റാണ്ടുകളായി താനൂർ ശോഭ പറമ്പു ശ്രീകുരുംബ ഭഗവതിക്ഷേമ ക്ഷേത്ര സമിതിയുടെ മേൽനോട്ടത്തിൽ ഭരണ നിർവ്വഹണവും ക്ഷേത്രക്ഷേമ കാര്യങ്ങളും വികസന പ്രവർത്തനങ്ങളും നിർവഹിച്ചു പോരുന്നു. 

ഇതിനു എല്ലാ ദേശക്കാരുടെയും സർവ്വ വിധ സഹകരണവും , സഹായവും പൂർണപിന്തുണയും ലഭിക്കുന്നു. ഈ ക്ഷേത്രത്തിന്റെ ചിട്ടവട്ടങ്ങളും ഐതിഹ്യവും ചരിത്രവും താഴെ സൂചിപ്പിക്കുന്നു.


വിടെ കുടികൊള്ളുന്നത് ശാന്തസ്വാരൂപിണിയായ ഭദ്രകാളിയാണ്. കൗളാചാരപ്രകാരം ദാരു പീഢനം വാൽക്കണ്ണാടി സങ്കൽപ്പത്തിൽ പരമ്പരാഗത പൂജാരികളായ ആവേൻ കുടുംബമാണ് പൂജാദി കാര്യങ്ങൾ ചെയ്തു വരുന്നത്. ശോഭ പറമ്പു ക്ഷേത്രത്തിന്റെ മൂലസ്ഥാനം സ്ഥിതിചെയ്യുന്നത് കാരാട് ഭാഗത്തുള്ള നെല്ലൂളിൽ മച്ചിനുള്ളിലാണ്. പുരാതനകാലം മുതൽക്കേ അവിടെ ബ്രാഹ്മണർ അധിവസിച്ചിരുന്നു. അവർ നാഗത്തെയും വേട്ടക്കാരനെയും പൂജിച്ചു വന്നിരുന്നു. ചില സാഹചര്യങ്ങളാൽ ബ്രാഹ്മണർ പലായനം ചെയ്തതിനു ശേഷം നെല്ലൂളിൽ നായർ തറവാട്ടിലെ അംഗങ്ങൾ താമസിച്ചിരുന്നു.


 അതിലെ ഒരംഗം കൊടുങ്ങല്ലൂരമ്മയുടെ ഉപാസകനായിരുന്നു. അവർ പതിവായി കൊടുങ്ങല്ലൂർ  അമ്പലത്തിൽ ദർശനം നടത്തിയിരുന്നു. പ്രായാധിക്യത്താൽ   അവർക്കു അവിടെ ക്ഷേത്ര ദർശനം നടത്തുവാൻ പറ്റാത്ത അവസ്ഥ വന്നു ചേർന്നപ്പോൾ അവർ മനസ്സുരുകി കൊടുങ്ങല്ലൂർ അമ്മയെ പ്രാർത്ഥിക്കുകയും അവർ തിരിച്ചു വരുന്ന വഴിക്കു അവരറിയാതെ ദേവി ചൈതന്യം കാൽകുടപുറത്തു പ്രവേശിക്കുകയും ദേവി അവരോടൊപ്പം വരികയും അവർ വരുന്ന വഴിക്കു കക്കാട് കുന്നത്ത് വിശ്രമിക്കുകയും കതിർകുളങ്ങര എത്തി അവിടെ നീരാടി നെല്ലൂളിൽ തിരിച്ചെത്തുകയും ചെയ്തു. അവർ കാൽകുട വീട്ടിനുമ്മറത്തു വെക്കുകയും വീണ്ടും ആവശ്യം വന്നപ്പോൾ എടുക്കാൻ പറ്റാത്ത ഒരു അവസ്ഥ വന്നു. ഉടനെ ജ്യോത്സ്യനെ വിളിച്ചു   പ്രശ്‍നം വെച്ച്   നോക്കിയപ്പോളാണ്  ദേവിയുടെ ആഗമനം മനസ്സിലായത്. 


ജ്യോത്സ്യൻ പറഞ്ഞതനുസരിച്ചു മച്ചിൽ ദേവിയെ കുടിയിരുത്തി. അതിനു മുൻപ് തന്നെ അവിടെ ബ്രാഹ്മണർ ഉപാസിച്ച് പോന്നിരുന്ന വേട്ടക്കാരൻ ഉണ്ടായിരുന്നു. ദേവിയുടെ ഹിത പ്രകാരം ദേവിയെ മധ്യത്തിൽ ഇരുത്തുകയും വേട്ടേക്കരനെ ഇടത്ത് വശത്തേക്കു മാറ്റി സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ദേവി ഒരു വ്യവസ്ഥ വെച്ചു് , അതായത് വേട്ടേക്കരന് നിവേദ്യങ്ങൾ കൊടുത്തതിനു ശേഷം മതി ദേവിക്ക് വേണ്ട കാര്യങ്ങൾ ചെയ്യേണ്ടതെന്ന്. കാലക്രമേണ ഈ ദാസന്റെ കാലശേഷം അവരുടെ അവസാന കണ്ണി ഈ ദേവിയുടെ കാര്യങ്ങൾ നിർവഹിക്കാൻ കൊല്ലേരി വീട്ടുകാരെ ഏൽപ്പിച്ചു. അവർ ദേശാടനത്തിനു പോയി. കാലക്രമേണ ദേവിക്ക് തന്റെ ചോട്ടാളരെ കാണുവാൻ സന്നദ്ധത പ്രകടിപ്പിക്കുകയും അന്നത്തെ നെല്ലൂലിയിൽ പരിചാരകരായ കല്ലനശ്ശേരി എന്ന വലിയ പുരക്കൽ കാരണവർക്ക് ദർശനം വഴി ശോഭ പറമ്പു സ്ഥലം കാണിച്ചു കൊടുത്തു. 


ദേവി ഭക്തജനങ്ങളെയും നാടിനെയും അനുഗ്രഹിപ്പാനും ഇവരുടെ സേവാദികളും ഉത്സവാദികളും ഇഷ്ടപെട്ടുകൊണ്ടും പുരാതന സ്ഥല മാഹാത്മ്യത്തോട് കൂടിയ ഇന്നത്തെ ക്ഷേത്ര സങ്കേതസ്ഥാനത്തു പ്രസ്തുത ദേവി സാനിധ്യം ശോഭിക്കുകയും ചെയ്തു. പിന്നീട് ഈ സ്ഥലം ശോഭ പറമ്പു എന്ന പേരിൽ പ്രസിദ്ധമായി തീരുകയും ചെയ്തു.  അതിനു ശേഷം കൊല്ലേരി കാരണവർ ഇവിടെ ഒരു കോട്ട പണിതു ദേവിയെ കുടിയിരുത്തി. നാശോന്മുഖമായ ക്ഷേത്രം പതീറ്റാണ്ടുകൾക്കു മുൻപാണ് പൊളിച്ചു പുതുക്കി പണിതു എന്ന് കാണുന്ന ചൈതന്യ വക്തായ ക്ഷേത്രമാക്കി മാറ്റിയത്. 

ദേവിയുടെ ഓരോ കാര്യങ്ങൾ ചെയ്യുവാനും പാരമ്പരാഗതമായിട്ടുള്ള കുടുംബക്കാരെ നിയോഗിച്ചു. ആവേൻ കുടുംബം,മുക്രകാട് കുടുംബം,പഴയവളപ്പിൽ കുടുംബം, കൊമ്മഞ്ചേരി കുടുംബം , പനങ്ങാട്ടൂർ ചോപ്പൻ കുടുംബം, ഓടായിക്കണ്ടി കുടുംബം, വേലുവിലാശാരി കുടുംബം,സാബ്രിക്കൽ കുടുംബം എന്നിവരാണ് വിവിധ കാര്യങ്ങൾ ചെയ്തുവരുന്നത്. 


ഇവിടുത്തെ പ്രധാന ഉത്സവമാണ് കലങ്കരി ഉത്സവം. കൂടാതെ മണ്ഡലകാലം മുഴുവനും വിവിധ ആഘോഷങ്ങൾ നടത്തിവരുന്നു.


കഴിഞ്ഞ പതിറ്റാണ്ടുകളായി താനൂർ ശോഭപറമ്പു ക്ഷേത്ര സംരക്ഷണ സമിതി വളരെ നല്ല രീതിയിൽ ക്ഷേത്രത്തെ പരിപാലിച്ചു പോരുന്നു. ജാതി ഭേദമെന്യേ  നിരവധി  ഭക്തജനങ്ങൾ  ക്ഷേത്ര പുരോഗതിക്കും , പരിപാലത്തിനുമായി സഹകരിച്ചു വരുന്നു.